Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Friday, February 10, 2012

പൊട്ടക്കിണറ്റിലെ നിഴലനക്കങ്ങളും കാറ്റും
പുറത്തൊരു വലിയ ലോകം ഉണ്ടെന്ന്
തമ്മില്‍ അടക്കം പറയുന്നത് കേട്ടാണ്  
തവളക്കുഞ്ഞു പടവുകള്‍ കയറി 
പുറത്തെത്തിയത്. 
ആരുടെയൊക്കെയോ ചവിട്ടടികളെ പേടിച്ച്  
തുള്ളിത്തുള്ളി, കണ്ടും കാണാതെയും  
അറിഞ്ഞും അറിയാതെയും  
മനം മടുത്ത്‌ മടുത്ത് ഒടുവില്‍  
സ്വന്തം പൊട്ടക്കിണറ്റില്‍ തുള്ളി 
ആത്മഹത്യ ചെയ്തു !

Saturday, March 5, 2011


--മുള്ളുകള്‍
       ചില ചെടികള്‍ക്ക്
ധാരാളികളായ ഇലകളുടെ
    കുത്തിനോവിക്കുന്ന രൂപാന്തരമാണ്---

    മുറിവ്


നെറികെട്ട ലോകത്തെക്കുറിച്ചുള്ള
അറിവാണെനിക്കു മുറിവ്.

  എന്റെ വരികള്‍ക്കു
                    വ്യാഖ്യാനമുണ്ടാകുമ്പോള്‍
  എന്റെ അറിവിന്
                    വ്യാഖ്യാനമുണ്ടാകുന്നു
  എന്റെ മുറിവിന്
                  വ്യാഖ്യാനമുണ്ടാകുന്നു
  എന്റെ കവിതയ്ക്ക്
                    വ്യാഖ്യാനമുണ്ടാകുന്നു
           എനിക്ക്
                    വ്യാഖ്യാനമുണ്ടാകുന്നു


വ്യാഖ്യാനങ്ങളില്‍ വഴിതെറ്റി
വ്യാഖ്യാനങ്ങളെ വഴിതെറ്റിച്ച്
ഒരുപറ്റമാളുകള്‍ കടന്നുപോകുമ്പോള്‍
ബാക്കിയാകുന്നതും
ഒരു മുറിവാണ്.
ഒരു വലിയ മുറിവ്...
എന്നെയും എന്റെ കവിതയെയും
ഇട്ടുമൂടാനുള്ളത്രയും ആഴമുള്ള
ഒരു മുറിവ്.
ഉണങ്ങാതെ ഇടയ്ക്കിടെ പഴുത്ത്
ഒടുവില്‍ പാടെ കരിഞ്ഞ്
വെറുമൊരടയാളം മാത്രമായി...
ചിലപ്പോളതുമില്ലാതെ...............



Saturday, January 22, 2011

                     പ്രതി/ധ്വനി
                "-പ്രകൃതിയെ ,
                  സസ്യജന്തുജാലത്തെ
                  സംരക്ഷിക്കുക 
                    ഇല്ലെങ്കില്‍-
                ഇല്ലെങ്കില്‍ നമ്മള്‍ മനുഷ്യര്‍ 
              എങ്ങനെ ശ്വസിക്കും?
                 എന്ത് ഭക്ഷിക്കും?
             എങ്ങനെ ജീവിക്കും?
               നമ്മുടെ ഭാവി...???"

 ആദ്യവാചകങ്ങളാലുയര്‍ന്ന പത്തി
അവസാനവാചകങ്ങളാല്‍ തളര്‍ന്നപ്പോള്‍ 
             പ്രകൃതിയില്‍ നിന്ന് 
   സസ്യങ്ങളില്‍ ജന്തുക്കളില്‍നിന്ന് 
                          ആത്മഗതം :   
"എല്ലാം അവര്‍ക്കുവേണ്ടി ,
അവര്‍ക്കുവേണ്ടി മാത്രമാണ്."
ആത്മഗതത്തിന്റെ പ്രതിധ്വനികള്‍ 
കടത്തിണ്ണയില്‍ നിന്ന് ,
തെരുവില്‍ നിന്ന്
ചേരികളില്‍ നിന്ന് 
അടുക്കളച്ചുവരുകള്‍ക്കിടയില്‍  നിന്ന്. 




                 

 

Thursday, October 14, 2010

ബാക്കിയായത്  

കണ്ണിനു കണ്ണ് ,പല്ലിനു പല്ല്  
     ഒടുവില്‍  ,  
        ഉടലില്ലാതെ , 
        തലയില്ലാതെ , 
      ഇളിച്ച പല്ലുകളും  
    തുറിച്ച കണ്ണുകളും മാത്രം 
                               ബാക്കി.



വാലുകുലുക്കിപ്പക്ഷികള്‍ 
വന്നു ചേക്കേറുന്ന 
പുകമരച്ചില്ലകളില്‍ 
വസന്തം വിടരുന്നില്ല,
കോടാലി പതിയുന്നുമില്ല ,
എങ്കിലും ,
അടിയിലെരിയുന്ന തീക്കനല്‍ 
കേട്ടടങ്ങുമ്പോള്‍ 
അവയുമില്ലാതാകാതെ വയ്യ .       
കവിത 
മനസ്സിലെ റിടാര്‍ ചെയ്യാത്ത 
റോഡുകളില്‍ ശൂന്യത മുറ്റി.  
ആ വിജന പാതകള്‍
ആരുടെയോ കാലടികള്‍ക്കായി കാത്തു .  
 ആ നേര്‍ത്ത നിശബ്ടതയ്ക്കിടയിലൂടെ
താളച്ചുവടുകള്‍ വച്ച്   
ഒരു കവിത നടന്നുവന്നു .
 അവളുടെ പാദസ്പര്‍ശത്താല്‍
പാതകള്‍ പുളകമണിഞ്ഞു.
അവളുടെ സൗന്ദര്യത്തിന് 
പാതയോരത്തെ പുഷ്പങ്ങള്‍ മാറ്റുകൂട്ടി .
അവളുടെ സംഗീതമധുമാരിയില്‍,  
പൊള്ളുന്ന റോഡുകള്‍ നനഞ്ഞുകുതിര്‍ന്നു .
പെട്ടെന്ന്, 
ജീവിതഭാരം പേറി ഓടിയടുത്തോരു വണ്ടി 
അവളെ ഇടിച്ചുവീഴ്ത്തി .
താളം മുറിഞ്ഞുപോയ്, 
രക്തം വാര്‍ന്നു പിടഞ്ഞു 
തല്‍ക്ഷണം കവിത മരിച്ചുപോയി .     
                                                                            
                                                                              (2007)
 

Monday, October 11, 2010

ആകാശത്തിനു കീഴെയുള്ള കാര്യങ്ങള്‍ 

"ആകാശത്തിനു കീഴിലുള്ള 
ഏതു കാര്യത്തെക്കുറിച്ചും 
എന്നോടു ചോദിക്കാം
      (മറുപടി തീര്‍ച്ച)".


"അപ്പോള്‍ ,
ആകാശത്തിനു മുകളിലുള്ള 
     കാര്യങ്ങള്‍ ?"


 "............."


ആകാശം....അതെന്താണ്?
നീലിച്ചു കാണുന്ന ശൂന്യത?
മാറും നിറങ്ങളില്‍ മറഞ്ഞ 
പൊള്ളത്തരം?
എന്തുമാകട്ടെ, പക്ഷെ ,
 പറയരുതാകാശമില്ലെന്നു...
ഉണ്ട് , ഓരോരുത്തര്‍ക്കും ...
  അവരവരുടെ തലയ്ക്ക് മുകളില്‍ 
           മാത്രം .   

ശരി ,
    ഇനി നീ പറഞ്ഞുകൊള്ളൂ 
    നിന്റെ ആകാശത്തിനു 
         കീഴെയുള്ള കാര്യങ്ങളെപ്പറ്റി ...       
   പക്ഷെ ,പെട്ടെന്നു വേണം ...
 കിണര്‍വട്ടത്തിലുള്ള ആകാശങ്ങള്‍ക്കപ്പുറത്ത് 
 ഒളിപ്പിച്ചുവച്ച  ഇടിവെട്ടും പേമാരിയുമായി                          
   കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്നുണ്ട് ".