Tuesday, January 13, 2026

അന്ധയായ എനിക്ക്
നീ തന്നത് മുഴുവൻ
കരിനീല നിറമായിരുന്നു
എന്റെ കടലതിൽ നിറഭേദമില്ലാതെ
നീലിച്ചു കിടന്നു..
ചുവപ്പിനു പകരം എന്റെ കാൻവാസിൽ
വിഷം തീണ്ടിയ
കരിനീല രക്തമൊഴുകി..
മരണമഞ്ഞയിൽ വാൻഗോഗിന്റെ
സൂര്യകാന്തികളെന്നപോലെ
കരിനീലയിൽ എന്റെ അജ്ഞതയും
നിന്റെ വഞ്ചനയും
ഉണങ്ങിപ്പിടിച്ചു .
ഇപ്പോൾ ഞാൻ നിറഭേദമില്ലായ്മയുടെ ക്രൂരത
ശീലിച്ചുകഴിഞ്ഞു
ഒറ്റനിറത്തിന്റെ ഷേഡുകളെ
തിരിച്ചറിയാൻ പഠിച്ചു...
ഇനിയെന്റെ കാൻവാസുകളിൽ നീല നിറയും
വഞ്ചനയുടെയൊ
പ്രതികാരത്തിന്റെയോ ഒറ്റനിറമായല്ല,
നിറങ്ങളെ ഭേദിക്കുന്ന അതിജീവനമായി.......

(2014)
കണ്ണ്  കെട്ടിവച്ചു ഞങ്ങൾ 
നിന്റെ സ്വപ്നങ്ങളെ വ്യാഖ്യാനിച്ചു
മുഖത്ത് മയിൽപ്പീലിയും
മനസ്സിൽ കടൽപാലവുമായി
നീ മിണ്ടാതെ നിന്നുതന്നു...
നിന്റെ മൗനങ്ങളിൽ ഞങ്ങൾ
സ്വാതന്ത്ര്യം കണ്ടെത്തി...
 നിന്റെ നിശബ്ദ പുഞ്ചിരികളിൽ
ഞങ്ങൾ നിന്റെ ജാതകമെഴുതിവെച്ചു .
അപ്പോഴും,
ആർത്തിരമ്പുന്ന കടലിലേക്കു കൂപ്പുകുത്താതെ
മനസ്സിലെ കടൽപ്പാലത്തിൽ
നിന്റെ വാക്കുകൾ
തനിച്ചിരുന്നു
--കരഞ്ഞോ, ചിരിച്ചൊ, അതിന്നും
 ഞങ്ങൾക്കറിയില്ല--
ഒരു ദിവസം,
മുറിഞ്ഞുപോയൊരു സ്വപ്നത്തെ
ഞങ്ങൾക്ക്   തന്നു
നീ ഓടിമറഞ്ഞു,,,....
നീ തന്നുപോയ സ്വപ്നത്തെ വ്യാഖ്യനിക്കാനാവാതെ
സ്വയം കണ്ണുകെട്ടി
ഞങ്ങൾ ഇരുട്ടത്തു നടന്നു......

(2014)

 അന്തരം

സമുദ്രജലത്തെ മഷിയാക്കി
നീലാകാശത്തെ കടലാസാക്കി
നീ വിശ്വസാഹിത്യങ്ങൾ സൃഷ്ടിച്ചു
ഞാനോ,
ഞാനെന്റെ രക്തമൂറ്റി പേന നിറച്ച്
തൊലി ചീന്തി അതിലെഴുതി

നിന്റെ സൃഷ്ടികളിൽ മുത്തുകളും
പവിഴങ്ങളും തിളങ്ങി
അതിൽ സ്വർണമീനുകൾ നീന്തിത്തുടിച്ചു
വെള്ളിമേഘങ്ങൾ തോരണം ചാർത്തി

കാർമേഘങ്ങളെയും
ചത്ത മീനുകളെയും അവശിഷ്ടങ്ങളേയും
നീയെനിക്കായയച്ചു  തന്നു
എന്നാലവ നിന്റെ മനസ്സിൽ
വച്ചുതന്നെ ചീഞ്ഞുനാറി
എന്റെയടുത്തെത്തുമ്പോഴേക്കും
വളമായി മാറിയിരുന്നു

സുഹൃത്തേ,
നീ ചിന്തിച്ചിട്ടുണ്ടോ
നിന്റെ നീലാകാശത്തിനും സമുദ്രത്തിനും
പേറ്റന്റുമായി നാളെ
അവകാശികളെത്തുമെന്ന് ,
അന്ന് നിന്റെ അവസ്ഥയെന്തെന്ന് ?

എന്നാൽ,
എന്റെ രക്തവും തൊലിയും ആഡ മല്ലെങ്കിലും
എന്റേതു മാത്രമായിരിക്കും
അവസാനനിമിഷം വരെ..!

(2014)
 ഒരു മരത്തെ കൊല്ലുമ്പോൾ 

അത്ര എളുപ്പത്തിലൊന്നും
 ഒരു മരത്തെ കൊല്ലാനാകില്ല.
വെറുമൊരു കത്തിമൂർച്ചയിലൊന്നും
അതിന്റെ സാധ്യതയില്ല .

മണ്ണും മഴയും വെയിലും കാറ്റും
പോറ്റിവളർത്തി,
ചെതുമ്പിച്ച തൊലിമേൽ
ഇലകൾ കുപ്പായമിട്ടു.

ഇനി വെട്ടം തുണ്ടമാക്കാം
പക്ഷേ വേദനയുടെ ആഴമറിയിക്കാൻ
ഇത്രയൊന്നും പോര...
ഈ മുറിവുകൾ ഉണങ്ങിമായും,
പാടുകളവശേഷിപ്പിക്കാതെ.
ഭൂമിയുടെ ആശ്ലേഷത്താൽ
വീണ്ടും പച്ചപ്പു പൊടിയും
കുഞ്ഞുശാഖകളായുയർന്നുയർന്ന്
അത് പഴയ രൂപം പ്രാപിക്കും.
 
 -അനുവദിക്കരുത്!-
വേരോടെ പിഴുതെടുക്കണം
ഭൂമിയുടെ ചങ്ങലപ്പൂട്ടിനെ ഭേദിച്ച്
പിന്നെ കെട്ടിവരിഞ്ഞ് വലിച്ച്
ആ പൊക്കിൾക്കൊടി ബന്ധം
അറുത്തുമാറ്റുക.
ഗർഭപാത്രത്തണുപ്പിൽ
ഇത്രനാൾ മറഞ്ഞിരുന്ന
വെളുത്തുനനുത്ത ഞരമ്പുകളെ,
മരത്തിന്റെ മൃദുശക്തിയെ
വലിച്ചുപുറത്തിടുക.
തടിയെ  കരിച്ചുപുകച്ചു
ശ്വാസം മുട്ടിക്കുക...

അതേ വെയിലിനെയും
അതേ കാറ്റിനെയും
സാക്ഷിനിർത്തി
അറുത്തുമുറിച്ച്  ഇഞ്ചിഞ്ചായി...
ഇപ്പോൾ അത് നിർവഹിക്കപ്പെട്ടിരിക്കുന്നു!

(2011)